Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
1 Samuel 28
28 / 31
1
ആ കാലത്തു ഫെലിസ്ത്യർ യിസ്രായേലിനോടു പടവെട്ടേണ്ടതിന്നു തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോൾ ആഖീശ് ദാവീദിനോടു: നീയും നിന്റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിന്നു പോരേണം എന്നു അറിഞ്ഞുകൊൾക എന്നു പറഞ്ഞു.
2
എന്നാറെ ദാവീദ് ആഖീശിനോടു: അടിയൻ എന്തുചെയ്യും എന്നു നീ കണ്ടറിയും എന്നു പറഞ്ഞു. ആഖീശ് ദാവീദിനോടു: അതുകൊണ്ടു ഞാൻ നിന്നെ എപ്പോഴും എന്റെ മെയ്ക്കാവലാക്കും എന്നു പറഞ്ഞു.
3
എന്നാൽ ശമൂവേൽ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ചു വിലപിച്ചു അവന്റെ സ്വന്തപട്ടണമായ രാമയിൽ അവനെ അടക്കം ചെയ്തിരുന്നു. ശൌലോ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നു.
4
എന്നാൽ ഫെലിസ്ത്യർ ഒന്നിച്ചുകൂടി ശൂനേമിൽ പാളയം ഇറങ്ങി; ശൌലും എല്ലായിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയം ഇറങ്ങി.
5
ശൌൽ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ടു ഭയപ്പെട്ടു അവന്റെ ഹൃദയം ഏറ്റവും വിറെച്ചു.
6
ശൌൽ യഹോവയോടു ചോദിച്ചാറെ യഹോവ അവനോടു സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല.
7
അപ്പോൾ ശൌൽ തന്റെ ഭൃത്യന്മാരോടു: എനിക്കു ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിപ്പിൻ; ഞാൻ അവളുടെ അടുക്കൽ ചെന്നു ചോദിക്കും എന്നു പറഞ്ഞു. അവന്റെ ഭൃത്യന്മാർ അവനോടു: ഏൻ-ദോരിൽ ഒരു വെളിച്ചപ്പാടത്തി ഉണ്ടു എന്നു പറഞ്ഞു.
8
ശൌൽ വേഷംമാറി വേറെ വസ്ത്രം ധരിച്ചു രണ്ടാളെയും കൂട്ടി പോയി രാത്രിയിൽ ആ സ്ത്രീയുടെ അടുക്കൽ എത്തി: വെളിച്ചപ്പാടാത്മാവുകൊണ്ടു നീ എനിക്കായി പ്രശ്നം നോക്കുകയും ഞാൻ പറയുന്നവനെ വരുത്തിത്തരികയും ചെയ്യേണം എന്നു പറഞ്ഞു.
9
സ്ത്രീ അവനോടു: ശൌൽ ചെയ്തിട്ടുള്ളതു, അവൻ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു ഛേദിച്ചുകളഞ്ഞതുതന്നേ നീ അറിയുന്നുവല്ലോ; എന്നെ കൊല്ലിപ്പാൻ നീ എന്റെ ജീവന്നു കണി വെക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.
10
യഹോവയാണ ഈ കാൎയ്യംകൊണ്ടു നിനക്കു ഒരു ദോഷവും ഭവിക്കയില്ല എന്നു ശൌൽ യഹോവയുടെ നാമത്തിൽ അവളോടു സത്യം ചെയ്തു പറഞ്ഞു.
11
ഞാൻ ആരെ വരുത്തിത്തരേണ്ടു എന്നു സ്ത്രീ ചോദിച്ചതിന്നു: ശമൂവേലിനെ വരുത്തിത്തരേണം എന്നു അവൻ പറഞ്ഞു.
12
സ്ത്രീ ശമൂവേലിനെ കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചു, ശൌലിനോടു: നീ എന്നെ ചതിച്ചതു എന്തു? നീ ശൌൽ ആകുന്നുവല്ലോ എന്നു പറഞ്ഞു.
13
രാജാവു അവളോടു: ഭയപ്പെടേണ്ടാ; നീ കാണുന്നതു എന്തു എന്നു ചോദിച്ചതിന്നു: ഒരു ദേവൻ ഭൂമിയിൽനിന്നു കയറിവരുന്നതു ഞാൻ കാണുന്നു എന്നു സ്ത്രീ ശൌലിനോടു പറഞ്ഞു.
14
അവൻ അവളോടു: അവന്റെ രൂപം എന്തു എന്നു ചോദിച്ചതിന്നു അവൾ: ഒരു വൃദ്ധൻ കയറിവരുന്നു; അവൻ ഒരു അങ്കിയും ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ അതു ശമൂവേൽ എന്നറിഞ്ഞു ശൌൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
15
ശമൂവേൽ ശൌലിനോടു: നീ എന്നെ വിളിച്ചതിനാൽ എന്റെ സ്വസ്ഥതെക്കു ഭംഗം വരുത്തിയതു എന്തു എന്നു ചോദിച്ചു; അതിന്നു ശൌൽ: ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യർ എന്നോടു യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോടു ഉത്തരമരുളുന്നില്ല; അതുകൊണ്ടു ഞാൻ എന്തു ചെയ്യേണമെന്നു എനിക്കു പറഞ്ഞുതരേണ്ടതിന്നു ഞാൻ നിന്നെ വിളിപ്പിച്ചു എന്നു ഉത്തരം പറഞ്ഞു.
16
അതിന്നു ശമൂവേൽ പറഞ്ഞതു: ദൈവം നിന്നെ വിട്ടുമാറി നിനക്കു ശത്രുവായ്തീൎന്നിരിക്കെ നീ എന്തിന്നു എന്നോടു ചോദിക്കുന്നു?
17
യഹോവ എന്നെക്കൊണ്ടു പറയിച്ചതുപോലെ അവൻ നിന്നോടു ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്റെ കയ്യിൽനിന്നു പറിച്ചെടുത്തു നിന്റെ കൂട്ടുകാരനായ ദാവീദിന്നു കൊടുത്തിരിക്കുന്നു.
18
നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്റെമേൽ അവന്റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ടു യഹോവ ഈ കാൎയ്യം ഇന്നു നിന്നോടു ചെയ്തിരിക്കുന്നു.
19
യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും; നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേൽപാളയത്തെ യഹോവ ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും.
20
പെട്ടെന്നു ശൌൽ നെടുനീളത്തിൽ നിലത്തു വീണു ശമൂവേലിന്റെ വാക്കുകൾ നിമിത്തം ഏറ്റവും ഭയപ്പെട്ടുപോയി; അവനിൽ ഒട്ടും ബലമില്ലാതെയായി; അന്നു രാവും പകലും മുഴുവൻ അവൻ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.
21
അപ്പോൾ ആ സ്ത്രീ ശൌലിന്റെ അടുക്കൽ വന്നു, അവൻ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നതു കണ്ടു അവനോടു: അടിയൻ നിന്റെ വാക്കു കേട്ടു ജീവനെ ഉപേക്ഷിച്ചുംകൊണ്ടു, നീ എന്നോടു പറഞ്ഞ വാക്കു അനുസരിച്ചിരിക്കുന്നുവല്ലോ.
22
ആകയാൽ അടിയന്റെ വാക്കു നീയും കേൾക്കേണമേ. ഞാൻ ഒരു കഷണം അപ്പം നിന്റെ മുമ്പിൽ വെക്കട്ടെ; നീ തിന്നേണം; എന്നാൽ നിന്റെ വഴിക്കു പോകുവാൻ നിനക്കു ബലം ഉണ്ടാകും എന്നു പറഞ്ഞു.
23
അതിന്നു അവൻ: വേണ്ടാ, ഞാൻ തിന്നുകയില്ല എന്നു പറഞ്ഞു; എങ്കിലും അവന്റെ ഭൃത്യന്മാരും ആ സ്ത്രീയും അവനെ നിൎബന്ധിച്ചു; അവൻ അവരുടെ വാക്കു കേട്ടു നിലത്തുനിന്നു എഴുന്നേറ്റു മെത്തമേൽ ഇരുന്നു.
24
സ്ത്രീയുടെ വീട്ടിൽ ഒരു തടിച്ച പശുക്കിടാവു ഉണ്ടായിരുന്നു; അവൾ ക്ഷണത്തിൽ അതിനെ അറുത്തു മാവും എടുത്തു കുഴെച്ചു പുളിപ്പില്ലാത്ത അപ്പം ചുട്ടു.
25
അവൾ അതു ശൌലിന്റെയും ഭൃത്യന്മാരുടെയും മുമ്പിൽ വെച്ചു. അവർ തിന്നു എഴുന്നേറ്റു രാത്രിയിൽ തന്നേ പോയി.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books